നാം (കുഞ്ഞു കവിത 1)

നാം

അടുക്കാനുമകലാനുമാകാതെ പിടയുന്ന –
വളർത്തുമൃഗങ്ങളുടെ വൃത്തങ്ങളിൽ,
കഴുത്തിൽ തിരിച്ചറിയൽ രേഖകൾ തൂക്കുന്ന,
ഉടയന്നു വാലാട്ടി മാനങ്ങൾ കാക്കുന്ന,
നായയ്ക്കു നാണമായ് നാട്ടിൽ പിഴയ്ക്കുന്ന,
നാകർ നാം, നാവില്ലാപരിഷ നാം.

Advertisements

അബദ്ധം (കുഞ്ഞു കഥ 4)

          ഹിറ്റ്ലർ എന്ന പേരിൽ മലയാളത്തിലൊരു ഹിറ്റ് സിനിമയുണ്ട്. ആ സിനിമയിൽ അറുപതിനോടടുത്ത ഒരു അദ്ധ്യാപകൻ തന്റെ ശിഷ്യയെ ബലാത്കാരം ചെയ്തിട്ട് അതു ചോദിക്കാൻ ചെന്ന പെണ്ണിന്റെ സഹോദരനോട് പറയുന്ന ചില ന്യായങ്ങളുണ്ട്. മദ്യത്തിന്റെ പുറത്ത് പറ്റിപ്പോയ ഒരു  അബദ്ധമെന്നും അതിലുപരിയായി ആ പെൺകുട്ടിയൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ തനിക്കാ തെറ്റ് പറ്റില്ലായിരുന്നു എന്നുമാണവ. 

          പ്രസ്തുത സിനിമയ്ക്ക് മുൻപും പിൻപും വന്ന ഒരു പാട് ‘നല്ല’ സിനിമകളും പരക്കെ അംഗീകരിക്കപ്പെട്ട ഒരു സത്യമെന്നോ, അതുമല്ലങ്കിൽ ഒരു ന്യായമായ ന്യായീകരണമെന്ന തരത്തിലോ ഈ സംഭാഷണ ശകലത്തെ തിരിച്ചും മറിച്ചും ഉപയോഗിച്ച് ഓരോ പെൺകുട്ടിയേയും ബലാത്സഗം ചെയ്ത് ‘നടിച്ചു’ കയ്യടി വാങ്ങി. ഇത് കണ്ട് വളർന്ന പുതിയ തലമുറകളും അവരുടെ യുവത്വം കൂട്ടത്തോടെ ആഘോഷിച്ചിട്ട് ഏതാണ്ടിതു പോലൊക്കെ – മദ്യലഹരി, അബദ്ധം – എന്നൊക്കെ പറഞ്ഞ് തടി തപ്പി. 

          ഒരു ചെയിഞ്ചിനായിട്ട് ഭാര്യ എന്ന പുണ്യത്തെ പോലും മറന്ന് അബദ്ധം പറ്റിപ്പോയ ‘മാന്യന്മാരും’ അറേബ്യയിലെ അത്തറുകൾ പൂശി ആ രക്തക്കറ കഴുകി കളഞ്ഞു. നാണം മറയ്ക്കാനും വിശപ്പ് മാറ്റാനും വഴിയില്ലാത്തവരുടേയും കാര്യത്തിലാണെങ്കിൽപ്പിന്നെ ആക്ഷേപ മേയില്ല… കാരണം അവരൊക്കെ അംഗീകൃതരും പുരുഷന്റെ അവകാശങ്ങളുമാണല്ലോ പണ്ടേയ്ക്കു പണ്ടേ! എന്നാൽ, സൂര്യൻ രാത്രിയുദിച്ച ചില നേരങ്ങളിൽ അവിടേയും ചിലർക്ക് മദ്യത്തിന്റെ പുറത്ത്, മദ്യത്തിന്റെ പുറത്തു മാത്രം അബദ്ധം പറ്റിപ്പോയത്രേ!

          എന്തൊക്കെയായാലും ഏതൊരു ദുഷ്ടനേയും രക്ഷിക്കാൻ ദൈവയോഗം കിട്ടിയവർ പാർത്തു നടക്കുന്ന സ്ഥലങ്ങളിൽ ഒരു പുരുഷനും തെറ്റുകാരനല്ല.മറിച്ച് അറിവില്ലാതെ അബദ്ധത്തിൽ ചാടിപ്പോകുന്ന പാവങ്ങൾ മാത്രം.

          കുമ്പസാരക്കൂടുകൾ കുമ്പസരിച്ച് തുടങ്ങിയ ഈ കാലത്ത് DNA ടെസ്റ്റുകളിൽ പട്ടികൾക്കും പൂച്ചകൾക്കും വരെ അബ്ധങ്ങൾ പറ്റി. എന്തായാലും ഇതൊക്കെ കണ്ട് മരണം മാത്രം പ്രതീക്ഷിച്ച് കിടക്കുന്നൊരു മലയാളം മുൻഷി പറഞ്ഞു പോയി, “അറിഞ്ഞോണ്ടു ചെയ്യുന്ന ഇത്തരം തെറ്റുകളെങ്ങനെ അബദ്ധമാകും? മദ്യത്തെ കൂട്ടുപിടിച്ച് എന്തു തോന്ന്യാസവും ആകാമെന്ന് കരുതുന്ന ഇവരുടെയൊക്കെ ന്യായങ്ങൾ കേൾക്കാനും, പറഞ്ഞോണ്ടു നടക്കാനും, പിന്നെ ഇവനെയൊക്കെ സംരക്ഷിക്കാനും ഇവിടെ നിയമവും (സ്ത്രീകളായ അമ്മമാർക്കു ജനിച്ചു വളർന്ന) നാട്ടുകാരുമുണ്ടല്ലോ, ശിവ, ശിവ! കലികാലം.

അനുബന്ധം: വഴിയോരങ്ങളിൽ ഭിക്ഷയ്ക്കിരിക്കുന്ന ഒരു പേക്കോലം അതിന്റെ കണ പിടിച്ച, കരയുന്ന കുഞ്ഞിനോട് സ്റ്റേറ്റ് കാറുകൾ കാട്ടി പറഞ്ഞു, ആ പോകുന്ന കാറുകളിൽ നിന്റെ അച്ഛന്മാരുണ്ട് . കരഞ്ഞു ബഹളമുണ്ടാക്കിയാൽ അവർ നിന്റെ നാവ് പിഴും… ചുട്ടു കളയും നമ്മളെ… 

അവാർഡ്  സിനിമ  (കുഞ്ഞു കഥ 3)

A:  ഹോ, ഇയാൾ  ഉറങ്ങാൻ തുടങ്ങീട്ട് കുറേ നേരമായല്ലോ!  സിനിമ  തീരുമ്പോഴെങ്കിലും  ഒന്നെണീക്കുമോ  എന്തോ?

B:  ശ് …. നിശബ്ദത  പാലിക്കൂ,  ഇത്  അവാർഡ്  സിനിമയാണ്.

A:  അതു കൊണ്ടെന്താ?  അവാർഡ്  കിട്ടീട്ടേ  പുള്ളി  എണീക്കത്തുള്ളോ?

B:  അങ്ങനെയല്ല,  മറിച്ച്  ആ  അഭിനയചാതുരി  ശ്രദ്ധിക്കൂ.  ഉറങ്ങുന്ന  മനുഷ്യനെ  എത്ര  തന്മയത്വമായാണ്  ആ  കലാകാരൻ  അവതരിപ്പിക്കുന്നത്,  നേർത്ത  ശ്വാസോച്ഛ്വാസം  പോലും  എത്ര  ശ്രദ്ധയോടെയാണയാൾ  അവതരിപ്പിക്കാന്നത്. 

A:  അതെയതെ  ഇപ്പോൾ  മനസ്സിലായി. എത്ര  മനോഹരമായ  അഭിനയം!

B:  ഭേഷ്  ഭേഷ്  അതിഗംഭീരം!

Bastard! (കുഞ്ഞു കഥ 2)

             ഒരു പൊതു സ്ഥലത്ത് വച്ച്, ഒരുപാടു ജനങ്ങൾ തിക്കിതിരക്കി നടക്കുകയും ആരെയൊക്കെയോ കാത്തിരിക്കുകയും എന്തിനൊക്കെയോ വേവലാധിപ്പെടുകയും ചെയ്യുമ്പോൾ, എല്ലാവരേയും ഒരു നിമിഷം സ്തബ്ദരാക്കിക്കൊണ്ട് അവളവന്റെ മുഖത്തു നോക്കി അലറി വിളിച്ചു “Bastard”. സമ്പൂർണ്ണ നിശബ്ദത….പിന്നെയെല്ലാം പഴയ പടിയായി.

               പ്രതികരണ ശേഷിയില്ലാത്ത ആ മനുഷ്യ മുഖങ്ങളെല്ലാത്തിനും നേരെ നോക്കി “Bastard “ എന്നു മറ്റൊരുവൾ വിളിക്കാൻ അതേ മനോരോഗി വീണ്ടും രോഗലക്ഷണങ്ങൾ കാട്ടേണ്ടി വന്നു എന്നത് സത്യം .

             

വിശപ്പ് (കുഞ്ഞു കഥ 1)

“ജoരാഗ്നിയാളുന്നൊരൊട്ടു വയറും

ജലാംശമുണങ്ങിയോരെല്ലു തനുവും

ജനിമൃതി പാശങ്ങൾ ചുറ്റാനറയ്ക്കുന്ന

ജനനിയാം ഭൂമിതൻ ഭ്രാന്ത പുത്രാ

നിന്റെ വിശപ്പിന്റെ കാട്ടുതീയാറ്റുവാൻ

പ്രാർത്ഥിക്കയാണ് ഞാൻ നിന്നാത്മമിത്രം.” 

                                                    __*****

കവിത പൂർത്തിയാക്കി പേരും ഭംഗിയായി എഴുതിയപ്പോഴേയ്ക്കും ഭിക്ഷക്കാരന്റെ വിശപ്പുകണ്ട് അവന് അന്നം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കാമെന്നെഴുതിയ അവന്റെ “മിത്രം”- അതെ, ആ കവിവര്യൻ- സീരിയൽ മാനിയാക്ക് ആയ ഭാര്യയെ വിളിച്ച് മൊഴിഞ്ഞു, ” പ്രാണസഖീ, ചോറും പൊള്ളിച്ച കരിമീനും എടുത്തു വച്ചേ, കൈ കഴുകി ഞാനിതാ വരുന്നു”.

എങ്ങനുണ്ട് ഈ പൂക്കളം?

പ്രിയപ്പെട്ടവരേ, ഞാൻ പഠിപ്പിക്കുന്ന National College ൽ 2015 ഓണത്തിന് Department of English ലെ എന്റെ കുട്ടികൾ അവരുടെ ബോഡിൽ വരച്ചതാണ് ഈ മനോഹര ചിത്രം. എനിക്ക് ഇത് അന്ന് കുട്ടികൾ തീർത്ത പൂക്കളങ്ങളേക്കാൾ മനോഹരമായി തോന്നി. അതു കൊണ്ടു തന്നെ ഞാനത് എന്റെ Mobile ൽ പകർത്തി. ഞാനിന്നിത് നിങ്ങളുമായി പങ്കു വയ്ക്കുന്നു, നിങ്ങൾ പറയൂ എന്റെ കുഞ്ഞുങ്ങളുടെ ഈ കരവിരുത് എങ്ങനുണ്ടെന്ന്….wp-image-1367454581jpg.jpg